Thursday, December 3, 2009

ഞാനും എന്റെ ലോകവും.. ( ഒരു ചെറുകഥ )




അസുഖകരമായ ഒരു സായാഹ്നം, ഇടവമാസം, മഴ തോര്‍ന്നു നില്‍ക്കുന്നു, ആകാശം മൂടിക്കെട്ടിയും. തവളകളാകട്ടെ, അവയുടെ ആഹ്ലാദതിമിര്‍പ്പിലും. ഇരുട്ടു വീണു തുടങ്ങി. അങ്ങിങ്ങായി ചീവീടുകളുടെ ശബ്ധവും.

ഇടവഴിയിലൂടെ ഉള്ള നടത്തം പണ്ടേ എനിക്കിഷ്ടമയിരുന്നു. പ്രത്യേകിച്ചും ഒറ്റക്ക്. ഞാന്‍ എന്റെ ഓര്‍മ്മകളുമായ് സംവേദിക്കുന്നതപ്പോഴാണു. ഒറ്റക്ക് ഈ ഇടവഴിയിലൂടെ എത്രയോ പ്രാവശ്യം ഞാന്‍ നടന്നിരിക്കുന്നു ആ പുഴയുടെ തീരത്തേക്ക്. പക്ഷെ ഇന്നത്തെ നടപ്പിനു എന്തൊ പ്രത്യേകത ഉള്ളതു പോലെ. മനസ്സിനു നല്ല സന്തോഷം. പലപ്പൊഴും ഞാന്‍ തനിയെ സംസാരിക്കുന്നു, ചിരിക്കുന്നു. എനിക്കെന്തു പറ്റി ? എന്റെ മനസ്സിലൂടെ പലതും കടന്നു പോയി. എന്നിട്ടും എവിടെ നീന്നാണു ആ സുഖം കിട്ടിയതെന്നു മാത്രം എനിക്ക് കണ്ടുപിടിക്കനായില്ല.

അതൊരു പ്രകൃതിദത്തമായ നടപ്പാത മാത്രമായിരുന്നു. പണ്ടെ ആളുകള്‍ നടന്നു ഉണ്ടായ ഒരു ചെറിയ ഇടവഴി. ഇല്ലിക്കാടുകളും മുല്ലവള്ളികളും തേക്കുമരങ്ങളും കൊണ്ടു നിറഞ്ഞ ഇടം. അതിനിടയിലൂടെ ഉള്ള നടത്തം തന്നെ മനസ്സിനു ആഹ്ലാദം നല്‍കുന്നതയിരുന്നു. അതിലെ നടന്നു നടന്നു അവസാനം ഞാന്‍ ആ പുഴയുടെ തീരത്തെത്തി. അതൊരു കൊച്ചുകടവായിരുന്നു. എന്നാല്‍ ഒരു കടവെന്നു തോന്നാത്തവിധം മരച്ചില്ലകളാലും വള്ളിച്ചെടികളാലും മൂടപ്പെട്ടിരുന്നു. ഞാനാ പുഴയിലേക്കു നോക്കി. ആ വെള്ളത്തിനു പച്ചനിറമായിരുന്നു. പുഴയിലൂടെ ഒരു കടപ്ലാവിന്‍തൈ സാവധാനം ഒഴുകിപോകുന്നതു ഞാന്‍ നോക്കി നിന്നു. ഒരു തരം പൂപ്പല്‍ ആ വെള്ളത്തിനുണ്ടായിരുന്നു. ഞാന്‍ ഒരു മരത്തടിയില്‍ ഇരുന്നു. വെള്ള പരലുകള്‍ ആ പുഴയില്‍ ധാരാളമായിരുന്നു. കുറച്ചു കല്ലുകള്‍ പെറുക്കിയെടുത്ത് വെള്ളത്തിലെക്കു എറിഞ്ഞുകൊണ്ടിരുന്നു.

ഞാന്‍ പതുക്കെ പുറകിലേക്കു മറിഞ്ഞു. ഈ മരച്ചില്ലകള്‍ക്കിടയിലൂടെ അങ്ങിങ്ങായി വെള്ളപ്പൂക്കളുള്ള നീല സാരിയണിഞ്ഞ ആകാശം കണ്ടുകിടന്നതോര്‍ത്തു. അവളെ എനിക്കു പണ്ടും ഇഷ്ടമായിരുന്നു.

ഉറക്കം എന്നെ എപ്പോഴോ കീഴ്പ്പെടുത്തി. ആ ഉറക്കത്തില്‍ ഞാന്‍ ഒരു കാഴ്ച കണ്ടു. ഞാന്‍ അവളുടെ മടിയില്‍ തല വെച്ചുകിടക്കുന്നു. അവളാകട്ടെ എന്നെ നോക്കിയിരിക്കുകയാണ്. അവളുടെ കണ്ണുകളില്‍ അസാധാരണമായ തിളക്കം കണ്ടു. അവളുടെ കവിളുകള്‍ ഉരഞ്ഞു തീരാറായ ചന്ദനമുട്ടികളെക്കാള്‍ സൌമ്യമായിരുന്നു. കാട്ടുമുല്ലമാല അവള്‍ തലയില്‍ ചൂടിയിരുന്നു. പക്ഷെ അവളുടെ പല്ലുകള്‍ മാത്രം പേടിപ്പെടുത്തുന്നതായിരിന്നു. ഞാന്‍ അതു മാത്രം ശ്രദ്ധിച്ചിരുന്നില്ല. കാരണം അവള്‍ പുഞ്ചിരിച്ചതു വാതുറക്കാതെയായിരുന്നു.

ഒരു മന്ദഹാസത്തോടെ അവള്‍ എന്റെ നെറ്റിയില്‍ ചുംബിച്ചു. പിന്നെ ചുണ്ടുകളുടെ ഒരു സ്പര്‍ശ്ശനവും. അവളുടെ ചുണ്ടുകള്‍ എന്റെ കഴുത്തിനെ സ്പര്‍ശ്ശിച്ചു. അവളുടെ കഴുത്തില്‍ പിടിച്ചു ഞാന്‍ എന്നിലേക്കു അടുപ്പിച്ചു. അവളുടെ ചുണ്ടുകള്‍ വീണ്ടും എന്റെ കഴുത്തിനോടടുക്കുബോഴേക്കും ഞാന്‍ അവളുടെ പല്ലുകള്‍ കണ്ടു കഴിഞ്ഞിരുന്നു. അതു പണ്ടെങ്ങോ വായിച്ച കഥയിലെ ഡ്രാക്കുളപ്രഭുവിന്റേതു പോലെ കൂര്‍ത്തതായിരുന്നു. ആ പല്ലുകള്‍ എന്റെ കഴുത്തിലേക്കാഴ്ന്നിറങ്ങി.

പെട്ടെന്നു ഞാന്‍ ചാടിയെഴുന്നെറ്റു. സമയം സന്ധ്യ കഴിഞ്ഞിരിക്കുന്നു. അകലെ ഒരു വിളക്കിന്റെ പ്രകാശം. ആ വെളിച്ചം അടുത്തേക്കു വരുന്നു. അതെ, ആ തോണിയില്‍ ഞാന്‍ കോബല്ലി എന്നു വിളിക്കുന്ന എന്റെ പ്രിയ കാമുകി തന്നെ അയിരുന്നു. ചിരിച്ചുകൊണ്ടവള്‍ പറഞ്ഞു.. “ ഇന്നിത്തിരി വൈകി, കയറിക്കൊള്ളൂ”

---------------------------------------------------ശുഭം----------------------------------------------------

കുറിപ്പ്‌ :  ഇതെഴുതുവാന്‍ പ്രചോദനമായ കടവിന്റെ ഇപ്പോഴുള്ള ചിത്രം തന്നെയാണ് മുകളില്‍.