Thursday, December 3, 2009

ഞാനും എന്റെ ലോകവും.. ( ഒരു ചെറുകഥ )




അസുഖകരമായ ഒരു സായാഹ്നം, ഇടവമാസം, മഴ തോര്‍ന്നു നില്‍ക്കുന്നു, ആകാശം മൂടിക്കെട്ടിയും. തവളകളാകട്ടെ, അവയുടെ ആഹ്ലാദതിമിര്‍പ്പിലും. ഇരുട്ടു വീണു തുടങ്ങി. അങ്ങിങ്ങായി ചീവീടുകളുടെ ശബ്ധവും.

ഇടവഴിയിലൂടെ ഉള്ള നടത്തം പണ്ടേ എനിക്കിഷ്ടമയിരുന്നു. പ്രത്യേകിച്ചും ഒറ്റക്ക്. ഞാന്‍ എന്റെ ഓര്‍മ്മകളുമായ് സംവേദിക്കുന്നതപ്പോഴാണു. ഒറ്റക്ക് ഈ ഇടവഴിയിലൂടെ എത്രയോ പ്രാവശ്യം ഞാന്‍ നടന്നിരിക്കുന്നു ആ പുഴയുടെ തീരത്തേക്ക്. പക്ഷെ ഇന്നത്തെ നടപ്പിനു എന്തൊ പ്രത്യേകത ഉള്ളതു പോലെ. മനസ്സിനു നല്ല സന്തോഷം. പലപ്പൊഴും ഞാന്‍ തനിയെ സംസാരിക്കുന്നു, ചിരിക്കുന്നു. എനിക്കെന്തു പറ്റി ? എന്റെ മനസ്സിലൂടെ പലതും കടന്നു പോയി. എന്നിട്ടും എവിടെ നീന്നാണു ആ സുഖം കിട്ടിയതെന്നു മാത്രം എനിക്ക് കണ്ടുപിടിക്കനായില്ല.

അതൊരു പ്രകൃതിദത്തമായ നടപ്പാത മാത്രമായിരുന്നു. പണ്ടെ ആളുകള്‍ നടന്നു ഉണ്ടായ ഒരു ചെറിയ ഇടവഴി. ഇല്ലിക്കാടുകളും മുല്ലവള്ളികളും തേക്കുമരങ്ങളും കൊണ്ടു നിറഞ്ഞ ഇടം. അതിനിടയിലൂടെ ഉള്ള നടത്തം തന്നെ മനസ്സിനു ആഹ്ലാദം നല്‍കുന്നതയിരുന്നു. അതിലെ നടന്നു നടന്നു അവസാനം ഞാന്‍ ആ പുഴയുടെ തീരത്തെത്തി. അതൊരു കൊച്ചുകടവായിരുന്നു. എന്നാല്‍ ഒരു കടവെന്നു തോന്നാത്തവിധം മരച്ചില്ലകളാലും വള്ളിച്ചെടികളാലും മൂടപ്പെട്ടിരുന്നു. ഞാനാ പുഴയിലേക്കു നോക്കി. ആ വെള്ളത്തിനു പച്ചനിറമായിരുന്നു. പുഴയിലൂടെ ഒരു കടപ്ലാവിന്‍തൈ സാവധാനം ഒഴുകിപോകുന്നതു ഞാന്‍ നോക്കി നിന്നു. ഒരു തരം പൂപ്പല്‍ ആ വെള്ളത്തിനുണ്ടായിരുന്നു. ഞാന്‍ ഒരു മരത്തടിയില്‍ ഇരുന്നു. വെള്ള പരലുകള്‍ ആ പുഴയില്‍ ധാരാളമായിരുന്നു. കുറച്ചു കല്ലുകള്‍ പെറുക്കിയെടുത്ത് വെള്ളത്തിലെക്കു എറിഞ്ഞുകൊണ്ടിരുന്നു.

ഞാന്‍ പതുക്കെ പുറകിലേക്കു മറിഞ്ഞു. ഈ മരച്ചില്ലകള്‍ക്കിടയിലൂടെ അങ്ങിങ്ങായി വെള്ളപ്പൂക്കളുള്ള നീല സാരിയണിഞ്ഞ ആകാശം കണ്ടുകിടന്നതോര്‍ത്തു. അവളെ എനിക്കു പണ്ടും ഇഷ്ടമായിരുന്നു.

ഉറക്കം എന്നെ എപ്പോഴോ കീഴ്പ്പെടുത്തി. ആ ഉറക്കത്തില്‍ ഞാന്‍ ഒരു കാഴ്ച കണ്ടു. ഞാന്‍ അവളുടെ മടിയില്‍ തല വെച്ചുകിടക്കുന്നു. അവളാകട്ടെ എന്നെ നോക്കിയിരിക്കുകയാണ്. അവളുടെ കണ്ണുകളില്‍ അസാധാരണമായ തിളക്കം കണ്ടു. അവളുടെ കവിളുകള്‍ ഉരഞ്ഞു തീരാറായ ചന്ദനമുട്ടികളെക്കാള്‍ സൌമ്യമായിരുന്നു. കാട്ടുമുല്ലമാല അവള്‍ തലയില്‍ ചൂടിയിരുന്നു. പക്ഷെ അവളുടെ പല്ലുകള്‍ മാത്രം പേടിപ്പെടുത്തുന്നതായിരിന്നു. ഞാന്‍ അതു മാത്രം ശ്രദ്ധിച്ചിരുന്നില്ല. കാരണം അവള്‍ പുഞ്ചിരിച്ചതു വാതുറക്കാതെയായിരുന്നു.

ഒരു മന്ദഹാസത്തോടെ അവള്‍ എന്റെ നെറ്റിയില്‍ ചുംബിച്ചു. പിന്നെ ചുണ്ടുകളുടെ ഒരു സ്പര്‍ശ്ശനവും. അവളുടെ ചുണ്ടുകള്‍ എന്റെ കഴുത്തിനെ സ്പര്‍ശ്ശിച്ചു. അവളുടെ കഴുത്തില്‍ പിടിച്ചു ഞാന്‍ എന്നിലേക്കു അടുപ്പിച്ചു. അവളുടെ ചുണ്ടുകള്‍ വീണ്ടും എന്റെ കഴുത്തിനോടടുക്കുബോഴേക്കും ഞാന്‍ അവളുടെ പല്ലുകള്‍ കണ്ടു കഴിഞ്ഞിരുന്നു. അതു പണ്ടെങ്ങോ വായിച്ച കഥയിലെ ഡ്രാക്കുളപ്രഭുവിന്റേതു പോലെ കൂര്‍ത്തതായിരുന്നു. ആ പല്ലുകള്‍ എന്റെ കഴുത്തിലേക്കാഴ്ന്നിറങ്ങി.

പെട്ടെന്നു ഞാന്‍ ചാടിയെഴുന്നെറ്റു. സമയം സന്ധ്യ കഴിഞ്ഞിരിക്കുന്നു. അകലെ ഒരു വിളക്കിന്റെ പ്രകാശം. ആ വെളിച്ചം അടുത്തേക്കു വരുന്നു. അതെ, ആ തോണിയില്‍ ഞാന്‍ കോബല്ലി എന്നു വിളിക്കുന്ന എന്റെ പ്രിയ കാമുകി തന്നെ അയിരുന്നു. ചിരിച്ചുകൊണ്ടവള്‍ പറഞ്ഞു.. “ ഇന്നിത്തിരി വൈകി, കയറിക്കൊള്ളൂ”

---------------------------------------------------ശുഭം----------------------------------------------------

കുറിപ്പ്‌ :  ഇതെഴുതുവാന്‍ പ്രചോദനമായ കടവിന്റെ ഇപ്പോഴുള്ള ചിത്രം തന്നെയാണ് മുകളില്‍.

Thursday, November 5, 2009

ഇരുട്ടിന്റെ ആത്മാവിനെ തേടി..

രാത്രിയെ ഇഷ്ടപ്പെട്ടു...
ഇരുട്ടിനോട്‌ രമിച്ചു..
ഏകാന്തതയെ വെറുത്തു..
എത്രയായാലും ഒറ്റപെട്ടു..

എത്ര ഇരുട്ടയാലും..
കണ്‍നിറയെ കാഴ്ചകള്‍..
ഒളിച്ചോടാനാവുന്നില്ലല്ലോ..
ഈ യാത്ര എവിടെ വരെ എന്നറിയില്ല..
അത് അറിയുന്നിടം ആയിരിക്കും..
എന്റെ യാത്രിക ജീവിതത്തിന്റെ തുടക്കം..

ഞാനും ഈ ലോകത്തിന്റെ ഭാഗമായി തിരക്കുള്ളവനായി തീരുമോ ?
അതോ ? എന്റെതായ .. വളരെ പതുക്കെ പോകുന്ന ലോകത്ത് ജീവിക്കണോ?
ഒരുപാടു ചോദ്യങ്ങള്‍..ഉത്തരമോ, അതുമില്ല.

എന്റെ കര്‍പ്പൂരമേ !
നീയും എനിക്കു ചൂടുനല്‍കുന്നില്ലല്ലോ..
ഒരു ആശ്വാസം പോലും.

കര്‍പ്പൂരം പോലെ ഉരുകുന്ന മനസ്സിനെ,
ഇപ്പൊ കാണാന്‍ ഭംഗിയുണ്ട്..
കാരണം, അഗ്നിക്ക് എപ്പോഴും അഴകുണ്ട്.
പക്ഷെ, ആ പ്രകാശം തീര്‍ന്നു കഴിയുമ്പോള്‍..
ആരെങ്കിലും ആരതി ഉഴിയുവനുണ്ടാകുമോ?

ഉരുകിതീരുവോളം മറ്റുള്ളവര്‍ക്ക് സ്വാന്തനമെകുന്ന കര്‍പ്പൂരം പോലെ,
എല്ലാം അന്ഗ്നിയെ അര്‍പ്പിക്കുന്ന സ്നേഹമേ..
എനിക്കും സ്നേഹിക്കാന്‍ അറിയില്ല,
പക്ഷെ, സ്വാന്തനമെകാനാവും.

ആ നിലാവെട്ടം സൂര്യനില്‍ നിന്ന് കടമെടുത്തതാനെന്കില്‍ കൂടി,
വെയിലെനെക്കാള്‍ സുഖകരമാണ്.. എന്തുകൊണ്ടെന്നാല്‍,
നിലാവെട്ടം രാത്രിയുടെ കൂടെപ്പിറപ്പാണ്.

സൂര്യനും ചന്ദ്രനും ശത്രുക്കളാണ്..
പകലും രാത്രിയും എന്ന പോലെ..
വെളിച്ചവും ഇരുട്ടും എന്ന പോലെ

വെളിച്ചം സത്യമാണ്.
എന്നാണ്..
അല്ല, എന്നതാണ് മിഥ്യ.

ഇരുട്ടാണു സത്യം !!
ഇരുട്ടിനാണ് ആത്മാവുള്ളത്.

ഇരുട്ട് നമ്മെ പേടിപ്പിക്കുന്നില്ല,
പക്ഷെ ചിന്തിപ്പിക്കുന്നുണ്ട്,
വെളിച്ചത്തെപ്പറ്റി....
സത്യങ്ങളെപ്പറ്റി...
ഉറക്കെ.. ഉറക്കെ...

ഇരുട്ട് നമ്മെ സ്വപ്നങളുടെ ലോകത്തേക്കു കൊണ്ടുപോകുന്ന പോലെ,
ഉപബോധമനസ്സിന്റെ ചാഞ്ചാട്ടങ്ങളെ തുറന്നുകാണിക്കുന്നു..
ഇരുട്ട് മനസ്സിന്റെ തനിമ വെളുപ്പിക്കുന്നു..

ഇരുട്ട് നമ്മളെ നാണിപ്പിക്കുന്നില്ല..
സമൂഹത്തെ ഭയപ്പെടാന്‍ കല്‍പ്പിക്കുന്നില്ല..
അഭിനയിക്കാന്‍ അക്രോശിക്കുന്നില്ല..

മനസ്സിനോട് ഇരുട്ടില്‍ നാം അലിയുന്നു.
ഈ ഇരുട്ടില്‍ ഒരു മഴയായ് എന്റെ ജനലില്‍ വന്നു മുട്ടുവാന്‍,
എന്റെ സ്വപ്നങ്ങളോട് ഞാന്‍ അപേക്ഷിക്കുകയാണ്.

എന്റെ മുന്‍പില്‍ നിറഞ്ഞ ഇരുട്ടേ,
നിന്നെ ഞാന്‍ ഒരു ജന്മത്തേക്കാളേറെ ഇഷ്ടപ്പെടുന്നു.
രാത്രികള്‍ സ്വര്‍ഗ്ഗമാണ്,
ഞാന്‍ രാത്രിയുടെ ജീവനാണ്, എല്ലാമാണ്.

ഇരുട്ടില്‍ മഴയും
മഴയില്‍ ഇരുട്ടും
നിറഞ്ഞ ആ സ്വപ്നം എനിക്കിഷ്ടമാണ്,എനിക്കിഷ്ടമാണ്.

---------------------------------------------

അറിഞ്ഞ സത്യങ്ങളെ വിശ്വസിക്കാതെ...
അറിയാനുള്ളതാണ് സത്യങ്ങളെന്നു വിശ്വസിച്ചുകൊണ്ട്..
ഒരിക്കലും തീരാത്ത അന്വേഷണങ്ങളുമായ്...

---------------------------------------------

കടപ്പാട് : 2006 ലെ ഏതോ ഒരു വി.എസ്.ഒ.പി യോട്.

Friday, October 30, 2009

പൂതപ്പാട്ട്

പൂതപ്പാട്ട്‌

വിളക്കുവെച്ചു. സന്ധ്യാനാമവും കഴിഞ്ഞു ഉറക്കം തൂങ്ങിക്കൊണ്ട്‌ ഗുണകോഷ്ഠവും ഉരുവിട്ടു. ഇനിയും ഉണ്ണാറായിട്ടില്ലല്ലോ. ഉറങ്ങണ്ട; പൂതത്തെപ്പറ്റി ഒരു പാട്ടു കേട്ടോളു:

കേട്ടിട്ടില്ലേ തുടികൊട്ടും കലര്‍
ന്നോട്ടുചിലമ്പിന്‍ കലമ്പലുകള്‍
അയ്യയ്യാ, വരവമ്പിളിപ്പൂങ്കല
മെയ്യിലണിഞ്ഞ കരിമ്പൂതം.
കാതില്‍പ്പിച്ചളത്തോട, കഴുത്തില്‍
'ക്കലപലെ' പാടും പണ്ടങ്ങള്‍
അരുകിനലുക്കണിച്ചായക്കിരീടം
തലയിലണിഞ്ഞ കരിമ്പൂതം.
ചെപ്പിണച്ചെമ്മണിക്കുത്തുമുലകളില്‍
ച്ചേലിലിഴയും പൂമാല്യം
പുറവടിവപ്പടി മൂടിക്കിടക്കും
ചെമ്പന്‍ വാര്‍കുഴല്‍ മുട്ടോളം
ചോപ്പുകള്‍ മീതേ ചാര്‍ത്തിയരമണി
കെട്ടിയ വെള്ളപ്പാവാട
അയ്യയ്യാ, വരവഞ്ചിതനൃത്തം
ചെയ്യും നല്ല മണിപ്പൂതം.

എവിടെനിന്നാണിപ്പൂതം വരുന്നത്‌, നിങ്ങള്‍ക്കറിയാമോ?

പറയന്റെ കുന്നിന്റെയങ്ങേച്ചെരിവിലെ
പ്പാറക്കെട്ടിന്നടിയില്‍
കിളിവാതിലില്‍ക്കുടിത്തുറുകണ്ണുംപായിച്ചു
പകലൊക്കെപ്പാര്‍ക്കുന്നു പൂതം.
പൈക്കളെ മേയ്ക്കുന്ന ചെക്കന്മാരുച്ചയ്ക്കു
പച്ചിലപ്പൂന്തണല്‍ പൂകും
ഒറ്റയ്ക്കു മേയുന്ന പയ്യിന്‍മുലകളെ
ത്തെറ്റെന്നിപ്പൂതം കുടിക്കും.
മണമേറുമന്തിയില്‍ബ്ബന്ധുഗൃഹം പൂകാ
നുഴറിക്കുതിയ്ക്കുമാള്‍ക്കാരെ
അകലേയ്ക്കകലേക്കു വഴിതെറ്റിച്ചിപ്പൂതം
അവരോടും താംബൂലം വാങ്ങും.

പൊട്ടി തിരിച്ചാലില്ലേ, പിന്നെ നടത്തം തന്നെ; നടത്തം, ഒടുക്കം മനസ്സിലാവും. അപ്പോള്‍ ഒന്നു മുറുക്കാനെടുത്ത്‌ ആ വഴിവക്കത്തു വെച്ചുകൊടുത്താല്‍ മതി. വഴിയൊക്കെ തെളിഞ്ഞുകാണും. അവര്‍ പോയാല്‍ പൂതം വന്നിട്ട്‌ ആ മുറുക്കാന്‍ എടുത്തു മുറുക്കി തെച്ചിപ്പൊന്തയിലേക്കു പാറ്റി ഒരു തുപ്പും തുപ്പും. അതാണല്ലോ ഈ തെച്ചിപ്പൂവൊക്കെ ഇങ്ങനെ ചോക്കണത്‌.

നിശ്ശൂന്യതനടമാടും പാതിരതന്‍ മച്ചുകളില്‍
നിരനിരയായ്ക്കത്തിക്കും മായാദീപം.
തലമുടിയും വേറിടുത്തലസമിവള്‍ പൂപ്പുഞ്ചിരി
വിലസിടവേ വഴിവക്കില്‍ച്ചെന്നു നില്‍ക്കും.
നേരവും നിലയും വിട്ടാവഴിപോം ചെറുവാല്യ
ക്കാരെയിവളാകര്‍ഷിച്ചതിചതുരം
ഏഴുനിലമാളികയായ്ത്തോന്നും കരിമ്പന
മേലവരെക്കേറ്റിക്കുരലില്‍വെയ്ക്കും.
തഴുകിയുറങ്ങീടുമത്തരുണരുടെയുപ്പേറും
കരുതിയിവള്‍ നൊട്ടിനുണച്ചിറക്കും.
പറയന്റെ കുന്നിന്റെ മറ്റേച്ചെരിവിലെ
പ്പാറകളില്‍ച്ചിന്നും മുടിയുമെല്ലും.

ഈ അസത്തു പൂതത്തിന്‌ എന്തിനാ നമ്മള്‌ നെല്ലും മുണ്ടും ഒക്കെ കൊടുക്കുന്നത്‌ എന്നല്ലേ? ആവൂ, കൊടുക്കാഞ്ഞാല്‍ പാപമാണ്‌. ഇതെല്ലാം പൂതം പണ്ടുചെയ്തതാണ്‌. ഇപ്പോള്‍, അത്‌ ആരെയും കൊല്ലില്ല. പൂതത്തിന്ന്‌ എപ്പോഴും വ്യസനമാണ്‌. എന്താ പൂതത്തിനു വ്യസനമെന്നോ? കേട്ടോളൂ:

ആറ്റിന്‍വക്കത്തെ മാളികവീട്ടില
ന്നാറ്റുനോറ്റിട്ടൊരുണ്ണി പിറന്നു.
ഉണ്ണിക്കരയിലെക്കിങ്ങിണി പൊന്നുകൊണ്ടു
ണ്ണിക്കു കാതില്‍ക്കുടക്കടുക്കന്‍.
പാപ്പ കൊടുക്കുന്നു പാലു കൊടുക്കുന്നു
പാവ കൊടുക്കുന്നു നങ്ങേലി.
കാച്ചിയ മോരൊഴിച്ചൊപ്പിവടിച്ചിട്ടു
മാനത്തമ്പിളി മാമനെക്കാട്ടീട്ടു
കാക്കേ പൂച്ചേ പാട്ടുകള്‍ പാടീട്ടു
മാമു കൊടുക്കുന്നു നങ്ങേലി.
താഴെ വെച്ചാലുറുമ്പരിച്ചാലോ
തലയില്‍ വെച്ചാല്‍ പേനരിച്ചാലോ
തങ്കക്കുടത്തിനെത്താലോലം പാടീട്ടു
തങ്കക്കട്ടിലില്‍പ്പട്ടു വിരിച്ചിട്ടു
തണുതണപ്പൂന്തുടതട്ടിയുറക്കീട്ടു
ചാഞ്ഞു മയങ്ങുന്നു നങ്ങേലി.
ഉണ്ണിക്കേഴു വയസ്സു കഴിഞ്ഞു.
കണ്ണും കാതുമുറച്ചുകഴിഞ്ഞു.
പള്ളിക്കൂടത്തില്‍പ്പോയിപ്പഠിക്കാ
നുള്ളില്‍ക്കൗതുകമേറിക്കഴിഞ്ഞു.
വെള്ളപ്പൊല്‍ത്തിരയിത്തിരിക്കുമ്പമേല്‍
പുള്ളീലക്കര മുണ്ടുമുടുപ്പിച്ചു
വള്ളികള്‍ കൂട്ടിക്കുടുമയും കെട്ടിച്ചു
വെള്ളിപ്പൂങ്കവിള്‍ മെല്ലെത്തുടച്ചിട്ടു
കയ്യില്‍പ്പൊന്‍പിടിക്കൊച്ചെഴുത്താണിയും
മയ്യിട്ടേറെ മിനുക്കിയൊരോലയു
മങ്ങനെയങ്ങനെ നീങ്ങിപ്പോമൊരു
തങ്കക്കുടത്തിനെ വയലിന്റെ മൂലയി
ലെടവഴി കേറുമ്പോള്‍ പടര്‍പന്തല്‍പോലുള്ളൊ
രരയാലിന്‍ചോടെത്തി മറയുംവരെപ്പടി
പ്പുരയീന്നു നോക്കുന്നു നങ്ങേലി.
കുന്നിന്‍മോളിലേക്കുണ്ണികയറി
കന്നും പൈക്കളും മേയുന്ന കണ്ടു.
ചെത്തിപ്പൂവുകള്‍ പച്ചപ്പടര്‍പ്പില്‍നി
ന്നെത്തിനോക്കിച്ചിരിക്കുന്ന കണ്ടു.
മൊട്ടപ്പാറയില്‍ക്കേറിയൊരാട്ടിന്‍
പറ്റം തുള്ളിക്കളിക്കുന്ന കണ്ടു.
ഉങ്ങും പുന്നയും പൂത്തതില്‍ വണ്ടുക
ളെങ്ങും പാറിക്കളിക്കുന്ന കണ്ടു.
അവിടന്നും മെല്ലെ നടന്നാനുണ്ണി
പറയന്റെ മണ്ടകം കണ്ടാനുണ്ണി.
പറയന്റെ കുന്നിന്റെ മറ്റേച്ചെരിവിലേ
ക്കുരസിയിറങ്ങി നടന്നാനുണ്ണി.
പാറക്കെട്ടിന്റെ കൊച്ചുപിളര്‍പ്പിലെ
ക്കിളിവാതിലപ്പോള്‍ത്തുറന്നു പൂതം
ആറ്റിലൊലിച്ചെത്തുമാമ്പലപ്പൂപോലെ
യാടിക്കുഴഞ്ഞെത്തുമമ്പിളിക്കലപോലെ
പൊന്നുങ്കുടം പോലെ പൂവമ്പഴം പോലെ
പോന്നു വരുന്നോനെക്കണ്ടു പൂതം.
പൂതത്തിനുള്ളിലൊരിക്കിളി തോന്നീ
പൂതത്തിന്മാറത്തു കോരിത്തരിച്ചൂ.
പൂതമൊരോമനപ്പെമ്മകിടാവായി
പൂത്ത മരത്തിന്റെ ചോട്ടിലും നിന്നു.

എന്നിട്ട്‌ പൂതം ഉണ്ണിയോട്‌ കൊഞ്ചിക്കൊഞ്ചിക്കൊണ്ടു പറയുകയാണ്‌:

'പൊന്നുണ്ണീ, പൂങ്കരളേ,
പോന്നണയും പൊന്‍കതിരേ,
ഓലയെഴുത്താണികളെ
ക്കാട്ടിലെറിഞ്ഞിങ്ങണയൂ.

'കാട്ടിലെറിഞ്ഞണയുകിലോ
കലഹിക്കും ഗുരുനാഥന്‍
പൂത്തമരച്ചോട്ടിലിരു
ന്നൊളിനെയ്യും പെണ്‍കൊടിയേ!'

'പൊന്നുണ്ണീ പൂങ്കരളേ,
പോന്നണയും പൊന്‍കതിരേ.
വണ്ടോടിന്‍ വടിവിലെഴും
നീലക്കല്ലോലകളില്‍
മാന്തളിരില്‍ത്തൂവെള്ളി
ച്ചെറുമുല്ലപ്പൂമുനയാല്‍
പൂന്തണലില്‍ച്ചെറുകാറ്റ
ത്തിവിടെയിരുന്നെഴുതാലോ.
ഓലയെഴുത്താണികളെ
ക്കാട്ടിലെറിഞ്ഞിങ്ങണയൂ.
"പൂത്ത മരച്ചോട്ടിലിരു
ന്നൊളിനെയ്യും പെമ്മകൊടിയേ,
ഓലയെഴുത്താണികളെ
ക്കാട്ടിലിതാ ഞാന്‍ കളവൂ!'

പിന്നെ പള്ളിക്കൂടത്തില്‍ പോയില്യ. സുഖായി എന്നല്ലേ വിചാരം? കേട്ടോളു. എഴുത്താണി ഇരിമ്പല്ലേ? അതങ്ങട്‌ പിടിവിട്ടപ്പോള്‍ പൂതം വന്നു പിടിച്ചു മെല്ലെ കൂട്ടിക്കൊണ്ടങ്ങട്ടു പോയി!

വെയില്‍ മങ്ങി മഞ്ഞക്കതിരു പൊങ്ങീ
വിയദങ്കണത്തിലെക്കാര്‍കള്‍ ചെങ്ങി
എഴുതുവാന്‍ പോയ കിടാവു വന്നീ
ലെവിടെപ്പോയ്‌; നങ്ങേലി നിന്നു തേങ്ങി.
ആറ്റിന്‍കരകളിലങ്ങിങ്ങോളം
അവനെ വിളിച്ചു നടന്നാളമ്മ.
നീറ്റില്‍ക്കളിക്കും പരല്‍മീനെല്ലാം
നീളവേ നിശ്ചലം നിന്നുപോയി.
ആളില്ലാപ്പാടത്തിലങ്ങുമിങ്ങും
അവനെ വിളിച്ചു നടന്നാളമ്മ.
പൂട്ടിമറിച്ചിട്ട മണ്ണടരില്‍
പുതിയ നെടുവീര്‍പ്പുയര്‍ന്നുപോയീ.
കുന്നിന്‍ചെരിവിലെക്കൂര്‍ത്തകല്ലില്‍
ക്കുഞ്ഞിനെത്തേടി വലഞ്ഞാളമ്മ.
പൊത്തില്‍നിന്നപ്പോള്‍ പുറത്തു നൂഴും
നത്തുകളെന്തെന്തെന്നന്വേഷിച്ചു.
കാട്ടിലും മേട്ടിലും പുക്കാളമ്മ
കാണാഞ്ഞു കേണു നടന്നാളമ്മ.
പൂമരച്ചോട്ടിലിരുന്നു പൂതം
പൂവന്‍പഴംപോലുള്ളുണ്ണിയുമായ്‌
പൂമാല കോര്‍ത്തു രസിയ്ക്കെക്കേട്ടൂ
പൂരിതദുഃഖമിത്തേങ്ങലുകള്‍.

എന്നിട്ടോ, അതിനുണേ്ടാ വല്ല കൂട്ടവും! പക്ഷേ, സ്വൈരക്കേടു തീരണ്ടേ?

പേടിപ്പിച്ചോടിക്കാന്‍ നോക്കീ പൂതം
പേടിക്കാതങ്ങനെ നിന്നാളമ്മ.
കാറ്റിന്‍ചുഴലിയായ്ച്ചെന്നു പൂതം
കുറ്റികണക്കങ്ങു നിന്നാളമ്മ.
കാട്ടുതീയായിട്ടും ചെന്നു പൂതം
കണ്ണീരാലൊക്കെക്കെടുത്താള്ളമ്മ.
നരിയായും പുലിയായും ചെന്നു പൂതം
തരികെന്റെ കുഞ്ഞിനെയെന്നാളമ്മ.

പറ്റിയില്ലല്ലോ! പൂതം മറ്റൊരടവെടുത്തു:

പൂതമക്കുന്നിന്റെ മേല്‍മൂടിപ്പാറയെ
ക്കൈതപ്പൂപോലെ പറിച്ചുനീക്കി.
കണ്‍ചിന്നുമ്മാറതില്‍പ്പൊന്നും മണികളും
കുന്നുകുന്നായിക്കിടന്നിരുന്നു.
'പൊന്നും മണികളും കിഴികെട്ടിത്തന്നീടാം
പൊന്നാരക്കുട്ടനെ ഞാനെടുക്കും.
'അപ്പൊന്നും നോക്കാതെ, യമ്മണി നോക്കാതെ
യമ്മ,തന്‍ കണ്ണുകള്‍ ചൂന്നെടുത്തു
പുലരിച്ചെന്താമരപോലവ പൂതത്തിന്‍
തിരുമുമ്പിലര്‍പ്പിച്ചു തൊഴുതുരച്ചു,
'ഇതിലും വലിയതാണെന്റെ പൊന്നോമന
അതിനെത്തരികെന്റെ പൂതമേ, നീ.'

പൂതത്തിന്റെ തഞ്ചം കേള്‍ക്കണോ? അമ്മയ്ക്കു കണ്ണില്ലാതായില്ലേ?


തെച്ചിക്കോലു പറിച്ചൂ പൂതം
ചേലൊടു മന്ത്രം ജപിച്ചു പൂതം
മറ്റോരുണ്ണിയെ നിര്‍മ്മിച്ചു പൂതം
മാണ്‍പൊടെടുക്കെന്നോതീ പൂതം.
അമ്മയെടുത്തിട്ടുമ്മകൊടുത്തി
ട്ടഞ്ചിതമോദം മൂര്‍ദ്ധാവിങ്കല്‍
തടകിത്തടകിപ്പുല്‍കിയവാറേ
വേറിട്ടൊന്നെന്നോതിയെണീറ്റാള്‍.
പെറ്റവയറ്റിനെ വഞ്ചിക്കുന്നൊരു
പൊട്ടപ്പൂതമിതെന്നു കയര്‍ത്താള്‍.
താപംകൊണ്ടു വിറയ്ക്കെക്കൊടിയൊരു
ശാപത്തിന്നവള്‍ കൈകളുയര്‍ത്താള്‍.
ഞെട്ടിവിറച്ചു പതിച്ചു പൂതം
കുട്ടിയെ വേഗം വിട്ടുകൊടുത്താള്‍.
'അമ്മേ നിങ്ങടെ തങ്കക്കുഞ്ഞിനെ
ഞാനിനിമേലില്‍ മറച്ചുപിടിക്കി
ല്ലെന്നുടെനേരെ കോപമിതേറെ
യരുതരുതെന്നെ നീറ്റീടൊല്ലേ.
നിന്നുടെ കണ്ണുകള്‍ മുന്‍പടി കാണും
നിന്നുടെ കുഞ്ഞിതുതന്നേ നോക്കൂ.
'തൊഴുതുവിറച്ചേ നിന്നൂ പൂതം
തോറ്റുമടങ്ങിയടങ്ങീ പൂതം.
അമ്മ മിഴിക്കും കണ്ണിന്മുമ്പിലൊ
രുണ്മയില്‍നിന്നൂ തിങ്കളൊളിപ്പൂ
പ്പുഞ്ചിരിപെയ്തുകുളിര്‍പ്പിച്ചും കൊണ്ട
ഞ്ചിതശോഭം പൊന്നുണ്ണി.

അങ്ങനെ അമ്മയ്ക്ക്‌ ഉണ്ണിയെ കിട്ടി. പൂതമോ, പാവം!

യാത്രതിരിച്ചിടുമുണ്ണിയെ വാരിയെ
ടുത്തു പുണര്‍ന്നാ മൂര്‍ദ്ധാവിങ്കല്‍
പലവുരു ചുംബിച്ചത്തുറുകണ്ണാല്‍
പ്പാവം കണ്ണീര്‍ച്ചോല ചൊരിഞ്ഞും
വീര്‍പ്പാല്‍ വായടയാതേകണ്ടും
നില്‍പൊരു പൂതത്തോടു പറഞ്ഞാ
ളപ്പോളാര്‍ദ്രഹൃദന്തരയായി
ട്ടഞ്ചിതഹസിതം പെറ്റോരമ്മ:
'മകരക്കൊയ്ത്തു കഴിഞ്ഞിട്ടെങ്ങടെ
കണ്ടമുണങ്ങിപ്പൂട്ടുങ്കാലം
കളമക്കതിര്‍മണി കളമതിലൂക്കന്‍
പൊന്നിന്‍കുന്നുകള്‍ തീര്‍ക്കുംകാലം
വന്നുമടങ്ങണമാണ്ടുകള്‍തോറും
പൊന്നുണ്ണിക്കൊരു കുതുകം ചേര്‍ക്കാന്‍,
ഞങ്ങടെ വീട്ടിനു മംഗളമേകാന്‍
ഞങ്ങള്‍ക്കഞ്ചിതസൗഖ്യമുദിക്കാന്‍.'
പൂത'മതങ്ങനെതന്നേ'യെന്നു
പറഞ്ഞു മറഞ്ഞിട്ടാണ്ടോടാണ്ടുകള്‍
മകരകൊയ്ത്തു കഴിഞ്ഞാലിപ്പോള്‍
പോന്നുവരുന്നൂ വീടുകള്‍തോറും.
ഉണ്ണി പിറന്നൊരു വീടേതെന്നു
തിരഞ്ഞുപിടിക്കണമതു ചോദിക്കാന്‍
വിട്ടും പോയി പറഞ്ഞതുമില്ലതു
നങ്ങേലിക്കു മറന്നതുകൊണ്ടോ,
കണ്ടാല്‍ത്തന്റെ കിടാവിനെ വീണ്ടും
കൊണ്ടോടിപ്പോമെന്നു ഭയന്നോ
തിട്ടമതാര്‍ക്കറിയാ;മതുമൂലം
തിങ്ങിത്തിങ്ങിവരുന്നൊരു കൗതുക
മങ്ങനെകൂടീട്ടിവിടിവിടെത്തന
തുണ്ണിയിരിപ്പെന്നോരോ വീട്ടിലു
മങ്ങു കളിച്ചുകരേറിത്തുള്ളി
ത്തുള്ളിമറിഞ്ഞൊടുവങ്ങേലെന്നുട
നവിടേക്കോടിപ്പോണൂ പൂതം.
ഉണ്ണിയെ വേണോ, ഉണ്ണിയെ വേണോ
ആളുകളിങ്ങനെയെങ്ങും ചോദിച്ചാ
ടിപ്പിപ്പൂ പാവത്തെപ്പല
പാടുമതിന്റെ മിടിക്കും കരളിന്‍
താളക്കുത്തിനു തുടികൊട്ടുന്നൂ
തേങ്ങലിനൊത്തക്കുഴല്‍വിളി കേള്‍പ്പൂ.

കേട്ടിട്ടില്ലേ തുടികൊട്ടും കലര്‍
ന്നോട്ടുചിലമ്പിന്‍ കലമ്പലുകള്‍
അയ്യയ്യാ വരവമ്പിളിപ്പൂങ്കല
മെയ്യിലണിഞ്ഞ കരിമ്പൂതം.


By : ഇടശ്ശേരി ഗോവിന്ദന്‍ നായര്‍

കേള്‍ക്കാന്‍.........





Thursday, October 1, 2009

Indiavision

Monday, September 28, 2009

എളവൂര്‍ തൂക്കം

ഒരു പഴ്യ വിശേഷം :
എളവൂര്‍ പുത്തന്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ "എളവൂര്‍ തൂക്കം" എന്ന് കേട്ടിരിക്കുമല്ലോ. ദുരാചാരമെന്നുപറഞ്ഞ്‌ അത്‌ ഇപ്പോള്‍ അവിടെ നടക്കുന്നില്ല. കൊളുത്തില്‍ തൂങ്ങാനുള്ള അളുകള്‍ക്ക്‌ 41 ദിവസത്തെവൃതവും ഒരു പ്രത്യേകതരം തൈലം തേച്ചുള്ള തിരുമ്മലും ഉണ്ട്‌. ദിവസത്തിനിടക്കുള്ള തിരുമ്മല്‍കൊണ്ട്‌ ശരീരത്തിലെ (കൊളുത്തുന്ന സ്ഥലത്തെ) ചര്‍മ്മം മാംസത്തില്‍നിന്നും വേര്‍പ്പെട്ടു നില്‌ക്കും. വേര്‍പ്പെട്ടു നില്‌ക്കുന്ന ചര്‍മ്മത്തിലാണ്‌ തൂക്കത്തിനുള്ള കൊളുത്ത്‌ കോര്‍ക്കുന്നത്‌.

വിവിധ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് 1987ല്‍ തൂക്കം നിരോധിച്ചിരുന്നു. 2004 മുതല്‍ തൂക്കം ചടങ്ങ് വീണ്ടും നടത്താനുള്ള ഒരുക്കങ്ങളിലായിരുന്നു ക്ഷേത്രം അധികൃതര്‍. ഹിന്ദു ഐക്യവേദി ഉള്‍പ്പെടെയുള്ള സംഘടനകള്‍ തൂക്കം നടത്തുന്നതിനെതിരെ മുന്നോട്ടുവന്നിരുന്നു.



എളവൂര്‍ തൂക്കം : വീഡിയോ

Thursday, September 17, 2009

ഉത്രാടപ്പാച്ചിലില്‍.....





ദൈവമേ! കാത്തുകൊള്‍കങ്ങു, കൈവിടാതിന്നു ഞങ്ങളെ
നാവികന്‍ നീ ഭവാബ്‌ധിക്കു, രാവിവന്‍തോണി നിന്‍പദം
ഒന്നൊന്നാ എണ്ണി എണ്ണി, തൊട്ടെണ്ണും പൊരുളൊടുങ്ങിയാല്‍
നിന്നിടും ദൃക്കുപോലുള്ളം, നിന്നിലസ്‌പന്ദമാകണം.

അന്നവസ്ത്രാദി മുട്ടാതെ, തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു, തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍
ആഴിയും തിരയും കാറ്റും, ആഴവും പോലെ ഞങ്ങളും
മായയും നിന്‍ മഹിമയും, നീയുമെന്നുള്ളിലാകണം.

നീയല്ലോ സൃഷ്ടിയും, സൃഷ്ടാവായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടിയ്ക്കുള്ള സാമഗ്രിയായതും
നീയല്ലോ മായയും മായാവിയും, മായാവിനോദനും
നീയല്ലോ മായയെനീക്കി, സായൂജ്യം നല്‍കുമാര്യനും.

നീ സത്യം ജ്ഞാനമാനന്ദം, നീ തന്നെ വര്‍ത്തമാനവും
ഭൂതവും ഭാവിയും വേറല്ലോതും, മൊഴിയുമോര്‍ക്കില്‍ നീ
അകവും പുറവും തിങ്ങും,മഹിമാവാര്‍ന്ന നിന്‍ പദം
പുകഴ്‌തുന്നൂ ഞങ്ങളങ്ങെ, ഭഗവാനേ, ജയിക്കുക.

ജയിയ്ക്കുക മഹാദേവ, ദീനവന പരായണാ
ജയിയ്ക്കുക ചിദാനന്ദ, ദയാസിന്ധോ ജയിയ്ക്കുക
ആഴമേറും നിന്‍ മഹസ്സാമാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം.



ദൈവദശകം എന്ന ഈ പ്രാര്‍ത്ഥനാഗീതം അമ്മയുടെ സ്മരണാര്‍ത്ഥം ഇവിടെ സമര്‍പ്പിക്കുന്നു.

------------------------------------------


സെപ്റ്റംബര്‍ 1 , 2009 .
ഉത്രാടപ്പാച്ചിലിനിടയില്‍
ഈ സ്നേഹമഴ പെയ്തുതോര്‍ന്നു,
വലിയൊരു ശൂന്യത ബാക്കിവച്ചുകൊണ്ട്......




ഗോപീചന്ദ് ....
ആലാപനം - കടപ്പാട്‌ : ഗൂഗിള്‍


Tuesday, August 25, 2009

തപസ്സ്...



നീ മഴയാവുക..........


എന്റെ ഹൃദയത്തിന്റെ വേനല്‍ ചൂടിലേക്ക്....

സ്നേഹാമൃതം പൊഴിച്ച്....

അലസ്സമായ് എന്നിലേക്കു പെയ്തിറങ്ങുന്ന വേനല്‍ മഴ....

ഞാന്‍ കാറ്റാകാം....

എന്റെ കാറ്റ് നിന്നിലലിയുബോള്‍........

പെരുമഴയായ് നീ എന്നിലേക്കു പെയ്തിറങ്ങ്ട്ടെ....

ഈ മഴ..........

എന്നിലെ ഓര്‍മകള്‍ക്കൊരു പുനര്‍ജന്മം........

ഈ മഴ നാം കാത്തിരുന്നതല്ലേ.............

അതില്‍ രണ്ടു വേഴാബലാകാന്‍ കൊതിച്ചതല്ലേ.......

എന്നിട്ടും ഈ മഴയിലെന്നെ തനിച്ചാക്കി നീ അകന്നു പോയീ......

ഒരു നൂറു ജന്മം നിന്നെ സ്നേഹിക്കാന്‍ ആശിച്ച ....
എന്നില്‍ ഒരു നിമിഷമെങ്കിലും നീ ...

ഈ മഴയായ് പെയ്തെങ്കില്‍.........

എന്റെ തപസ്സിന്റെ പുണ്യം കിളിര്‍ത്തേനേ........


-----------------------------

കടപ്പാട് : ഒരു സുഹൃത്ത് തന്നത്.